അണ്ണാറക്കണ്ണാ വാ, വാ , നീലുനൊപ്പം കളിക്കാൻ വാ






ദേ, വെളിച്ചായി, വേഗം  എണീക്കു. എന്നിട്ടു വേണ്ടേ നമുക്ക്  അക്കര ബംഗ്ളാവിലെ മാവിൻ മുകളിൽ കയറി നല്ല പഴുത്തു തുടുത്ത മാമ്പഴങ്ങൾ കഴിക്കാൻ," ചിമ്മു അണ്ണാറക്കണ്ണൻ മകൾ കുഞ്ഞിയെ വിളിച്ചുണർത്തി.

പാവം കുഞ്ഞി. നല്ലൊരു സ്വപ്നം കണ്ടു കിടക്കുകയായിരുന്നു. എന്തായിരുന്നു ആ സ്വപ്നം? ആരും അറിയാതെ മരപ്പൊത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു മാമ്പഴം പതുക്കെ പതുക്കെ കരണ്ടു കരണ്ടു തിന്നുന്നതായിരുന്നു. അപ്പോഴാണ് അത് മുഴുവൻ തിന്നാൻ സമ്മതിക്കാതെ അമ്മയുടെ ഒരു വിളി.

അങ്ങനെ കുറച്ചു സങ്കടത്തോടെയാണ് എണീറ്റതെങ്കിലും മനുഷ്യകുട്ടികളെ പോലെ മുഖം കഴുകണ്ട, പല്ലു തേക്കണ്ട, കുളിക്കണ്ട, ദിവസം മുഴുവനും മരത്തിൽ കയറി കുട്ടുകാരുമൊത്തു ചില്ലകളിൽ കൂടി ഓടിയും ചാടിയും ഒളിച്ചു കളിച്ചു രസിക്കാം എന്നോർത്തു സന്തോഷിച്ചു.

പൊത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ തന്നെ അതാ ഏറ്റവും മുകളിലത്തെ ചില്ലയിൽ  പഴുത്തു തുടുത്ത ഒരു മാമ്പഴം. പിന്നെ ഒന്നും നോക്കിയില്ല. എടുത്തൊരു ചാട്ടം. പക്ഷെ മാങ്ങയിൽ പിടിച്ചപ്പോഴേക്കു അത് ഞെട്ടറ്റുവീണു. ഒപ്പം കുഞ്ഞിയും മിറ്റത്ത് മലർന്നടിച്ചു വീണു. കുഞ്ഞിക്കു നല്ലവണ്ണം വേദനിച്ചു, എണിക്കാനും പറ്റുന്നില്ല.

അപ്പോൾ ഒരു കൊച്ചു പെൺകുട്ടി ഓടി വന്നു വീണുകിടക്കുന്ന കുഞ്ഞിയെ കയ്യിൽ എടുത്തു. "മുത്തശ്ശി, നോക്കൂ, ഒരു അണ്ണാൻ കുഞ്ഞു മരത്തിനു വീണു. ഇതിനെ ഞാൻ പെറ്റ്  ആക്കിക്കോട്ടെ? "

മുത്തശ്ശി പറഞ്ഞു, "നീലു, ഇത് പട്ടിയും പൂച്ചയുമൊന്നുമല്ല പെറ്റാക്കാൻ. പാവം ഒരു അണ്ണാൻ കുഞ്ഞല്ലേ, അതിനെ നമ്മൾ എങ്ങനെയാ വളർത്തുക. എന്താണ് തിന്നാൻ കൊടുക്കുക? ചോറും സാമ്പാറും ഒക്കെ കൊടുത്തു അതിനു വല്ല വയറു വേദനയോ വയറിളക്കമോ ഉണ്ടായാൽ നമ്മൾ എന്ത് ചെയ്യും?"

ഇതിനകം കുഞ്ഞി വീഴ്ചയിലുണ്ടായ വേദന മറന്നിരുന്നു. അവൾ ചെവി കൂർപ്പിച്ചു ഇവർ പറയുന്നതൊക്കെ കേട്ടു. "ഓഹോ, ഈ സുന്ദരി പെൺകുട്ടിയുടെ പേര് നീലു എന്നാണല്ലേ. ഇവളെ എനിക്കിഷ്ടായി," അവൾ വിചാരിച്ചു. എന്നിട്ട് നീലുവിനെ നോക്കി അണ്ണാന്മാരുടെ "ഛിൽ, ഛിൽ" ശബ്ദമുണ്ടാക്കി. 

നീലുവിനു സന്തോഷമായി. "നോക്കൂ അപ്പുപ്പ, അണ്ണൻ കുഞ്ഞ് എന്നോട് സംസാരിക്കുന്നു. അതിനു നല്ല വിശപ്പുണ്ടെന്നു തോന്നുന്നു, എന്താ കൊടുക്കുക?"

കുട്ടിയുടെ ചോദ്യത്തിന് അപ്പൂപ്പൻ ഉത്തരം പറഞ്ഞു. " Squirrels eat nuts and fruits." നീലു വേഗം ഓടിപ്പോയി കുറച്ച കാഷ്യു നട്ട്സും കിസ്മിസും ഡേറ്റ്സുമൊക്കെ ഒരു പാത്രത്തിലാക്കി കൊണ്ടുവന്നു.

കുഞ്ഞി നിമിഷനേരം കൊണ്ട് 'ക്രഞ്ച് മഞ്ച്, ക്രഞ്ച് മഞ്ച് ' ശബ്ദത്തോടെ അതെല്ലാം തിന്നു തീർത്തു. എന്നിട്ട് നീലുവിന്റ്റെ അടുത്ത് വന്നിരുന്നു. "ഇവൾക്ക് ഒരു പേരിടണ്ടെ?" നീലു  ചോദിച്ചു.  "ഛിൽ, ഛിൽ, കുഞ്ഞി" അണ്ണാൻ കുഞ്ഞു പറഞ്ഞു.

"ദേ അവൾ തന്നെ പേര് പറഞ്ഞുലോ, കുഞ്ഞി എന്ന്," നീലുവിന് സന്തോഷമായി. "പക്ഷെ കുഞ്ഞിയെ എവിടെ കിടത്തും?" നീലുവിന് ഒരു സംശയം.

"ആമസോണിൽ ഒരു കൂട്  ഓർഡർ ചെയ്യാം. അതുവരെ അവൾ നീലുവിന്റ്റെ ഷു ബോക്സിൽ കിടന്നോട്ടെ, " അപ്പുപ്പൻ പറഞ്ഞു. നീലു ഓടിപോയി ഷു ബോക്സ് എടുത്തുകൊണ്ട് വന്നു, മുത്തശ്ശിയുടെ മരുന്ന് പെട്ടിയിൽ നിന്ന് കുറച്ചു പഞ്ഞി എടുത്ത് ഒരു കിടക്ക ഉണ്ടാക്കി കുഞ്ഞിയെ കിടത്തി. സ്വന്തം ഹാൻഡ്‌കർച്ചീഫ് കൊണ്ട് പുതപ്പിച്ചു. കുഞ്ഞി ആദ്യമായി പതുപതുത്ത പഞ്ഞികിടക്കയിൽ കിടന്നുറങ്ങി.

പിറ്റെ ദിവസം കുഞ്ഞിയുടെ പുതിയ കൂട് വന്നു. അപ്പൂപ്പൻ അത് ചുമരിൽ ആണി അടിച്ചു തൂക്കി ഇട്ടു. കൂട്ടിലേക്ക് കയറാനായി ഒരു ചെറിയ ഏണിയും ഉണ്ട്. "ഛിൽ ഛിൽ,," കുഞ്ഞി ഒച്ച വച്ചു. കണ്ടോ, അവൾക്ക് സന്തോഷമായി. അപ്പൂപ്പാ താങ്ക് യു," എന്ന് പറയുന്നു. നീലു തുള്ളിച്ചാടി.

കുഞ്ഞി വേഗം ഏണി വഴി കൂട്ടിൽ കയറി. ഹായ് അകത്തു നല്ല സുഖം. ചുമരിൽ പൊക്കത്തിലായതുകൊണ്ട് പൂച്ചക്കും  പട്ടിക്കുമൊന്നും ഉപദ്രവിക്കാൻ പറ്റില്ല. അപ്പോഴേക്കും നീലൂ ഒരു ചെറിയ പാത്രത്തിൽ വെള്ളവും മറ്റൊന്നിൽ കാഷ്യു,  കിസ്മിസ്, ഡേറ്റ്സ് എന്നിവ കൊണ്ട് വച്ചു. കുഞ്ഞി ഭക്ഷണം കഴിച്ചു പഞ്ഞിക്കിടക്കയിൽ സുഖമായി കിടന്നുറങ്ങി.

നീലുവും കിടക്കാൻ പോയി. പെട്ടെന്നു കുഞ്ഞിയുടെ ഒപ്പം മാവിലും  തെങ്ങിലുമൊക്കെ തൂങ്ങിയാടി കയറി മറിഞ്ഞു പഴുത്തു തുടുത്ത മാമ്പ ഴമൊക്കെ തിന്നുന്നതായി നീലുവിന് തോന്നി. പിന്നെ മുഖം കഴുകാനായി രണ്ടുപേരും പെരട്ട കുളത്തിലേക്ക് ഓടിയിറങ്ങി.

വെള്ളത്തിൽ നോക്കിയപ്പോളല്ലെ നീലു 'സർപ്രൈസ്‌ഡ്‌ ' ആയി. "ദേ ഞാനും കുഞ്ഞിയുടെ പോലെ ഒരു അണ്ണാൻ ആയല്ലോ," അവൾ പറഞ്ഞു. "നീലു എന്റെ വീട്ടിലേക്കു വരൂ," കുഞ്ഞി പറഞ്ഞു. രണ്ടു പേരും കൂടി ചുമരിൽ തൂക്കിയിട്ടിരുന്ന കുഞ്ഞിയുടെ കൂട്ടിലേക്ക് ഓടി കയറി. കുഞ്ഞി വേഗം പോയി കുറച്ചു ബദാമും മുന്തിരിയുമൊക്കെ നീലുവിനു കൊടുത്തു. അത് കഴിച്ചുകൊണ്ടിരുന്നപ്പോൾ ആരോ കുലുക്കി വിളിക്കുന്നതുപോലെ തോന്നി.

"നീലു, നീലു,  വേഗം എണീറ്റ് പല്ലു തേച്ചു പാല് കുടിക്കു. ഇന്ന് നമുക്ക് ബംഗ്‌ളുർക്ക് പോവണ്ടേ?" അച്ഛൻ പറഞ്ഞു. "അപ്പോൾ കുഞ്ഞിയെ എങ്ങനെ കൊണ്ടുപോകും?" നീലു ചോദിച്ചു. 

"അവളെ മാവിൽ കയറ്റി  വിട്ടാൽ  അവളുടെ അമ്മയുമൊക്കെ വന്നു  കൊണ്ടുപോകും. പിന്നെ അണ്ണാനെയൊന്നും വിമാനത്തിൽ കയറാൻ സമ്മതിക്കില്ല," അച്ഛൻ പറഞ്ഞു. "ശരി" എന്ന് പറഞ്ഞു നീലു കൂടു തുറന്ന്   കുഞ്ഞിയെ കയ്യിൽ എടുത്ത് മാവിൻചുവട്ടിൽ കൊണ്ടുവിട്ടു.

ഒറ്റച്ചാട്ടത്തിന് കുഞ്ഞി മാവിന് മുകളിലേക്ക് ഓടി കയറി. അപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും ചേച്ചിമാരുമൊക്കെ എത്തി അവളെ കൂട്ടികൊണ്ടുപോയി.

"ഛിൽ, ഛിൽ, താങ്ക് യൂ, നീലുട്ടി, " അവർ പറഞ്ഞു. എന്നിട്ട് നല്ല മധുരമുള്ള മാമ്പഴങ്ങൾ ധാരാളം പറിച്ചിട്ടു  നീലുവും അച്ഛനും ഒരു സഞ്ചി നിറയെ മാമ്പഴവും ആയി ബംഗളൂർക്ക് പോയി, മാമ്പഴം അമ്മക്ക് കൊടുക്കണ്ടേ, അതിനാണ്.

പോകുന്നതിനു മുൻപ് നീലു കുഞ്ഞിയോട് പറഞ്ഞു, " ഇനി മുതൽ നിങ്ങൾ എല്ലാരും കുഞ്ഞിയുടെ പുതിയ കൂട്ടിൽ താമസിച്ചാൽ മതി." അങ്ങനെ അവർ പുതിയകുട്ടിലേക്ക് ഒച്ചവെച്ചുകൊണ്ട് കയറി.

നീലു  അടുത്തപ്രാവശ്യം വരുമ്പോൾ "ഛിൽ, ഛിൽ" എന്ന് ഒച്ച വച്ച് കളിക്കണ്ടേ. അതിനായി കാത്തിരിക്കാം.             

           

 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌