മാലി അൽമെയ്‌ദയുടെ ഏഴ് നിലാവുകൾ





മാലി അൽമെയ്‌ദ എന്ന ചെറുപ്പക്കാരനെ നമുക്ക് ഇഷ്ടപ്പെടണം എന്നില്ല. കാരണം അയാൾ അല്പസ്വൽപം മർക്കടമുഷ്ടിക്കാരനും ചൂതാട്ടക്കാരനും സ്വവര്ഗാനുരാഗിയുമാണ്. സ്വന്തം ജീവിതം മാത്രമല്ല മരണശേഷവും അയാൾ ചൂതാട്ടം തുടരുന്നു.   പക്ഷെ ഇപ്രാവശ്യം സ്വന്തം ആത്മാവിനെ വച്ചിട്ടാണ് കളി. 

മാലി  അൽമെയ്‌ദയുടെ ഏഴ് നിലാവുകൾ (The Seven Moons of Maali Almeida) എന്ന നോവൽ ശ്രീ ലങ്കയിൽ 1980-കളിൽ നടമാടിയ വർഗീയ കലാപങ്ങളും ഭീകരവാദവും അരക്ഷിതാവസ്ഥയും  യാതൊരു മറയുമില്ലാതെ എടുത്തു കാണിക്കുന്നുണ്ട്. 

ഈ കൃതി ലങ്കയിലെ എണ്ണപ്പെട്ട എഴുത്തുകാരനായ ഷെഹാൻ കരുണതിലകക്ക് 2022-ലെ ബുക്കർ പുരസ്‌കാരം നേടിക്കൊടുത്തു. നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രസന്ന കെ വർമ്മ. പ്രസിദ്ധികരിച്ചിരിക്കുന്നത് ഡി സി ബുക്‌സ്. വില രൂ 550.

മാലി ഒരു നല്ല ഫോട്ടോഗ്രാഫറാണ്‌. യാതൊരു മടിയും  കൂടാതെ    കലാപഭൂമികളിൽ ചെന്ന് ജീവൻ പണയം വച്ച്  മറ്റാർക്കും കിട്ടാത്ത തരത്തിലുള്ള ചിത്രങ്ങൾ പകർത്തുന്നു. എന്നിട്ടു കാശ് തരുന്നവർ ആരായാലും വേണ്ടില്ല, അവർക്കു വിൽക്കാനാണ് താല്പര്യം. കിട്ടിയ കാശ് ചൂതാട്ടത്തിൽ ഹോമിക്കുന്നു, ചിലപ്പോൾ തിരിച്ചു പിടിക്കുന്നു.  കലാപ ഭൂമിയിലെ അതിക്രമങ്ങളുടെ സത്യാവസ്ഥ,  അവ ചെയ്യുന്നത്, സിംഹളരോ, പട്ടാളമോ, LTTE-യോ ആരുതന്നെ ആയിക്കോട്ടെ കൊണ്ട്  ഒരു നാൾ  പുറത്തറിയിക്കാനാണ് മോഹം.

ഇതോടൊപ്പം കാമുകനായ ഡിഡിയുടെ ഒപ്പം സ്വവർഗപ്രേമികളെ അവജ്ഞയോടെ മാത്രം കാണുന്ന സമൂഹമില്ലാത്ത ഒരിടത്തേക്ക്, സാൻ ഫ്രാൻസിസ്‌കോ പോലെ ഒരു സ്ഥലത്തേക്ക്, കുടിയേറി പാർക്കാനും  തോന്നലുണ്ട്.                  

പക്ഷെ അവിചാരിതമായി മാലി മരിക്കുന്നു. പരേതാത്മാക്കൾക്കു വിധിക്കപ്പെട്ട ഏഴു രാത്രികൾ കഴിച്ചുകൂട്ടുവാനായി നടുവിടം എന്ന സ്ഥലത്തെത്തുന്നതോടു കൂടി  കഥ തുടങ്ങുന്നു.

കുപ്പയിൽ പൊതിഞ്ഞ ആക്ഷേപഹാസ്യം

ഈ നോവലിൽ കരുണതിലക യാതൊരു ദയാദാക്ഷിണ്യവും കൂടാതെ സ്വന്തം രാജ്യത്തെ കുട്ടിച്ചോറാക്കിയവർക്കെതിരെ പല സന്ദർഭങ്ങളിലും വാൾ ഓങ്ങുന്നു. ചിലപ്പോൾ തോന്നും ലങ്കയുടെ മാത്രമല്ല, മിക്കവാറും എല്ലാ രാഷ്ട്രങ്ങളിലും  ഇത് തന്നെയാണ് സ്ഥിതി. അധികാര-പണ കൊതി, പാവങ്ങളുടെ മേൽ കുതിര കയറൽ, നിയമങ്ങൾ ആവശ്യാനുസരണം വളച്ചൊടിക്കൽ, ഭൂരിപക്ഷ സമുദായങ്ങൾ മറ്റുള്ളവയെ അടിച്ചമർത്തൽ ഇങ്ങനെ പലതും.

"നമ്മൾ പേടിക്കേണ്ടത് തിന്മയെയല്ല. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന അധികാരവർഗം; അതിനെയാണ് ഭയക്കേണ്ടത്" എന്ന് മാലിയെ കൊണ്ട് പറയിപ്പിക്കുന്നു (പേജ് 34)

"രാഷ്ട്രം പല വംശങ്ങളായും വംശങ്ങൾ പല വിഭാഗങ്ങളെയും പിരിയുന്നു. പ്രതിപക്ഷത്തുള്ളവർ ആരായാലും അവർ സാംസ്കാരിക വൈവിധ്യമാകും പ്രഘോഷിക്കുക, എന്നിട്ട് അധികാരം നേടുവാനായി സിംഹള ബുദ്ധമതമേൽക്കോയ്‌മ അടിച്ചേല്പിക്കുകയും ചെയ്യും."

പിന്നീടോരിടത്ത് ശ്രീലങ്കയുടെ കൊടിയടയാളം വരെ ചോദ്യം ചെയ്യപ്പെടുന്നു. ദ്വീപിലെ  സിംഹം, കടുവ എന്നിവയൊന്നും ഇല്ലെങ്കിലും കോടിയിൽ സിംഹം വാളെടുത്തു നില്പുണ്ട്. അതും തമിഴരെയും മുസ്ലിമുകളെയും പ്രതിനിധീകരിക്കുന്ന ഓറഞ്ച്, പച്ച നിറങ്ങൾക്ക് എതിരെ. (പല രാജ്യങ്ങളിലും ഇങ്ങനെയൊക്കെ എഴുതിയാൽ രാജ്യദ്രോഹമാവും).

രാഷ്ട്രീയക്കാരെ പറ്റി പറയുന്നത് "അയഥാർത്ഥ ജീവികളിൽ വെച്ചു ഏറ്റവും അസാധ്യമായ ജീവി സത്യസന്ധനായ രാഷ്ട്രീയക്കാരൻ ആണ്.  വേറെ  ഒരിടത്ത് ഒരു പത്രപ്രവർത്തകൻ പറയുന്നു, " രാജ്യം കടത്തിലാണെങ്കിലും യുദ്ധം കൊടുമ്പിരികൊണ്ടാലും....ഓരോരോ മന്ത്രിക്കും മുമ്മുന്നു ആഡംബരക്കാരുകൾ വീതം നൽകാനുള്ള ബഡ്ജറ്റ് എപ്പോഴുമുണ്ടാകും."

നോവലിലെ ശ്രീലങ്കയും കഥാപാത്രങ്ങളും കലാപം കൊണ്ട് തകർന്ന, വൃത്തികേടുകൾക്കുള്ളിൽ ജീവിക്കുകയും വൃത്തികെട്ട പ്രവർത്തികൾ ചെയ്യുന്നവരുമാണ്. മാലിയുടെ ഫോട്ടോകൾ മിക്കതും ബോംബ് സ്പോടനങ്ങളിൽ മരിച്ചവരുടെ വികൃത ദേഹങ്ങളാണ്. ഗവൺമെൻ്റിറ്റെ ഏജന്റുമാരും പലരെയും തട്ടിക്കൊണ്ടുപോയി കൊന്നിട്ട് ഒരു തടാകത്തിൽ വലിച്ചെറിയുന്നു. അങ്ങനെ രാജ്യം തന്നെ കുപ്പത്തൊട്ടി ആകുന്നു.

കുപ്പയിൽ നിന്നൊരു മാണിക്യം 

മാലിയുടേത് സ്വാഭാവിക മരണമായിരുന്നില്ല എന്നും അയാൾ കൊല്ലപ്പെടുകയാണുണ്ടായതെന്നും മനസ്സിലായപ്പോൾ 'നടുവിടത്തിൽ' (മരണ ശേഷം ആത്മാക്കളുടെ തൽക്കാല താവളം)  കണ്ട ആത്മാക്കളോടൊപ്പം കൊലയാളികളോട് പക വീട്ടുകയും തനിക്ക് ഏറ്റവും പ്രിയപെട്ടവരായ ഡിഡിയും ജാക്കിയും അവരുടെ കയ്യിൽപെടാതെ രക്ഷപെടുത്തുവാനും മാലി നിശ്ചയിക്കുന്നു. അതുവരെ ഈ ജന്മത്തെ പാപങ്ങൾ മറക്കുവാനുള്ള നദിയിൽ മുങ്ങാനും അയാൾ തയ്യാറല്ല. 

പക്ഷെ വിധിച്ചിരിക്കുന്നു ഏഴു രാത്രികൾ കഴിഞ്ഞാൽ ഒരിക്കലും അയാൾക്കു നടുവിടം വിട്ടു പോകാൻ പറ്റില്ല. മഹാകലി എന്ന പിശാച് പിടിച്ചു തിന്നുകയും ചെയ്യും. 

ചൂതാട്ടക്കാരനായതു കൊണ്ട് എന്ത് വേണമെങ്കിലും പണയം വെക്കാൻ അയാൾ തയാറാണ്. അങ്ങനെ വിധിക്കപ്പെട്ട സമയത്തിനുള്ളിൽ അയാൾക്ക് വേണ്ടതൊക്കെ ചെയ്യാൻ പറ്റുമോ? നിങ്ങൾ തന്നെ വായിച്ചു തീരുമാനിക്കൂ. 

വിവർത്തനത്തിനെ പറ്റി ഒരു വാക്ക്  

പ്രസന്നയുടെ വിവർത്തനം മൂല കൃതിയോട് നീതി പുലർത്തുണ്ട് . മാത്രമല്ല  നടുവിടം, നിത്യപ്രകാശം പോലയുള്ള പദങ്ങൾ വളരെ സ്വാഭാവികമായി പ്രയോഗിച്ചിരിക്കുന്നു. പിന്നൊരിടത്തു ഒരു മന്ത്രവാദിയെ കാക്കമ്മാൻ എന്നാണ് വിശേഷിപ്പിക്കുന്നത്. 

പ്രസന്ന ഇതിനു മുമ്പ് വിവർത്തനം ചെയ്ത ദന്ത സിംഹാസനം, ഗണികയും ഗാന്ധിയും  ഇറ്റാലിയൻ  ബ്രാഹ്മണനും  എന്നീ കൃതികളെക്കാൾ ഇതിന്  ബുദ്ധിമുട്ടായിരിന്നിരിക്കും. നരക തുല്യമായ ഇതിവൃത്തവും അതിന് അനുയോജ്യമായ ഭാഷയും അപശബ്ദമോ അശ്ലീലമോ ഇല്ലാതെ കൈകാര്യം ചെയ്യാൻ വളരെയേറെ ക്ഷമയും പ്രാവീണ്യവും വേണമല്ലൊ. അത് പ്രസന്ന ഭംഗിയായി നിർവഹിച്ചിരിക്കുന്നു.     

അഭിപ്രായങ്ങള്‍

നിര്‍മ്മല പറഞ്ഞു…
Very good review. Loved this book
Nirmala

ജനപ്രിയ പോസ്റ്റുകള്‍‌