മലയാള സിനിമക്കു വളർത്താൻ പറ്റിയ 'പാൽത്തു ജാൻവർ'
'പാൽത്തു ജാൻവർ' (വളർത്തു മൃഗം) ഒരു മലയാളം സിനിമാപ്പേരാണ് എന്ന് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നും. പക്ഷെ ഇത് ആദ്യമായിട്ടൊന്നുമല്ലല്ലോ മലയാള സിനിമാപ്പേര് വേറൊരു ഭാഷയിലാകുന്നത്. റെഡ് റോസ്, ഹണി ബീ മുതൽ സാൾട് & പെപ്പർ വരെ വെള്ളിത്തിരയിൽ വിളങ്ങിയിട്ടില്ലെ? ഇപ്പോൾ രാഷ്ട്ര ഭാഷയും. ആനന്ദലബ്ധിക്കിനിയെന്തു വേണം?!
കഥ വളരെ സിംപിളാണ് കേട്ടോ. പണ്ടത്തെ പോലെ മരം ചുറ്റി പ്രേമമോ, അടി-ഇടി ബഹളമോ മെലോഡ്രാമയോ പ്രതീക്ഷിക്കണ്ട. അതു പോലെ ചിത്രത്തിന്റ്റെ പേര് കണ്ടിട്ട് ഇത് അന്യസംസ്ഥാന അതിഥി തൊഴിലാളികളെ പറ്റിയുള്ളതാണെന്നും വിചാരിക്കേണ്ട..
കഥാസാരം
നമ്മുടെ നായകൻ പയ്യൻ പ്രസൂൻ കൃഷ്ണകുമാർ (ബേസിൽ ജോസഫ്) മലയോര ഗ്രാമമായ കടവാക്കുന്നു പഞ്ചായത്തിൽ ലൈവ്സ്റ്റോക് ഇൻസ്പെക്ടറായി എത്തുന്നതോടെ കഥ തുടങ്ങുന്നു. അനിമൽ ഹസ്ബൻഡറി പഠിച്ചെങ്കിലും പുള്ളിക്ക് അനിമേഷനിലാണ് താല്പര്യം. ആ മേഖലയിൽ ബിസിനസ് തുടങ്ങി പൊട്ടി പാളീസായി. സഹോദരിയുടെയും അളിയന്റെയും നിർബന്ധം കാരണം ഈ കാട്ടുമൂലയിൽ ജോലിക്ക് കയറിയതാണ്.
എട്ടും പൊട്ടും തിരിയാത്ത ചെക്കനായത് കൊണ്ട് ജോലിക്കാര്യത്തിൽ പല അബദ്ധങ്ങളിലും ചെന്ന് ചാടുന്നു. എങ്കിലും പോകെ പോകെ എല്ലാം ശരിയാവുന്നു. ഇതാണ് കഥയുടെ രത്‌നച്ചുരുക്കം.
മൃഗമല്ലെ, മനുഷ്യൻ അല്ലല്ലോ, എങ്കിൽ പേടിക്കാനില്ല
ഒരു കഥാപാത്രം നമ്മുടെ നായകനോട് പറയുന്നതാണിത്. മനുഷ്യരിൽ നിന്നാണല്ലോ അയാൾക്കു പലതരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്.
പോലീസ് നായ കുറ്റാന്വേഷണത്തിനിടെ തളർന്ന് വീണപ്പോൾ പ്രസൂൻ ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കുത്തിവെക്കുന്നു. നയാ ചാടി എണീറ്റ് പോയെങ്കിലും അധികം താമസിയാതെ മരണമടഞ്ഞു. പ്രസൂൻ സുഹൃത്ത് സ്റ്റെഫിയെ വിളിച്ചു നായ അവനെ കൃതജ്ഞതാപൂർവം നോക്കിയതിനെ പറ്റി ഫോണിൽ പറഞ്ഞു നാവെടുത്തില്ല, അപ്പോഴാണ് ഈ ദുരന്തം.
പക്ഷെ പിന്നീട് ഒരു കുന്നിന്റെ മുകളിൽ വീണു പോയ മോളി കുട്ടി എന്ന ഗർഭിണി പശുവിനു വൈദ്യസഹായം നൽകുകയും കുറച്ചു കുഴപ്പം പിടിച്ച പ്രസവം എടുക്കകയും ചെയ്തതോടെ അവൻ നാട്ടുകാരുടെ പ്രിയൻ ആയി മാറുന്നു.
കുന്നിൻ മുകളിലെ രംഗങ്ങളിൽ ഒരു പള്ളിലച്ചന്റെ മന്ത്രവാദത്തിനിടയിലും മറ്റും (പശുവിനെ എണിപ്പിക്കുവാൻ) എല്ലാവരും ശ്രമിക്കുമ്പോൾ ഒരാൾ മാത്രം കുറച്ചു ദുരത്തിരുന്നു സംഗതികൾ നോക്കുന്നു. ചാവാൻ കിടക്കുന്ന ജന്തുവിന്റെ പ്രാണൻ പോകുന്നത് കാത്തിരിക്കുന്ന കഴുകാൻ പോലെ. സ്ഥലത്തെ കശാപ്പുകാരനാണ് അയാൾ. പശു ചാവുന്നതിനു മുമ്പ് അതിന്റ്റെ ഇറച്ചി വിലയും ഉറപ്പിക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. തനി കഴുകാൻ തന്നെ.
അഭിനേതാക്കളിൽ എടുത്തു പറയേണ്ടിവരിൽ ജോണി ആന്റണി മുന്നിട്ടു നില്കുന്നു. അയാൾ ഡേവിസ് എന്ന ഒരു കൃഷിക്കാരൻ ആണ്. അയാൾ പശുത്തൊഴുത്ത് കെട്ടിമേയാൻ മൃഗ സംരക്ഷണ വകുപ്പിന്റ്റെ പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷിക്കുന്നു. പക്ഷെ അത് പ്രകാരം കെട്ടിവെക്കാൻ കാശില്ലാത്ത കാരണം പൈസ കിട്ടാതെ പഞ്ചായത്ത് യോഗത്തിൽ പരാതിപ്പെടുന്നന്ന രംഗം നന്നായി. തികച്ചും അനായാസമായ അഭിനയം. തനി നാടൻ കര്ഷകനാണെന്നേ തോന്നു, വേഷത്തിലും ഭാവത്തിലും.
പഞ്ചായത്ത് മെമ്പറായി ഇന്ദ്രൻസും. അല്പസ്വല്പം മദ്യമൊക്കെ സേവിച്ചു എല്ലാവരെയും മോനെ തേനേ എന്നൊക്കെ വിളിച്ചു കാര്യം കാണാൻ ശ്രമിക്കുന്ന നാട്ടിൻപുറത്തുകാരൻ.
പിന്നെ ഡോക്ടറായി വേഷമിട്ട ഷമ്മി തിലകൻ. ഈ കഥാപാത്രം നായകനെ ഒരു "പണമുണ്ടാക്കാൻ പദ്ധതിയിൽ ചേർക്കാണും ശ്രമിക്കുന്നുണ്ട്. അവസാന ഭാഗത്താണ് മോളികുട്ടി എന്ന പശുവിന്റെ രംഗപ്രവേശം.
മണ്ടി മണ്ടി നടക്കണ പാൽത്തു ജാൻവറെ...
ഈ സിനിമയിലെ ടൈറ്റിൽ ട്രാക്കിൽ നിന്നുള്ള വരികളാണിത്. ജസ്റ്റിൻ വർഗീസ്, തൻവി, ദൃശ്യ അനിൽ എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്നു. അമ്പിളി രാവും എന്ന പാട്ട് സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ സംഗീതം പകർനന്നിരിക്കുന്നു. പാടിയത് അരുൺ അശോക്. അവസാനം മോളികുട്ടിയുടെ പ്രസവം കഴിഞ്ഞു പിഞ്ച് പൈതൽ എന്ന താരാട്ട് അസ്സലായി. പാടിയത് രേണുക അരുണും ജസ്റ്റിനും. ഗാന രചയിതാവ് സന്തോഷ് വർമ്മ.
പൊതുവെ കഥാപാത്ര സൃഷ്ടിയിലും, കഥയുടെ ഒഴുകിലും സംവിധായകൻ ശ്രദ്ധ പതിപ്പിച്ച പോലെ തോന്നി. സംഗീത് പി രാജൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമാണ്. കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം.
മലയാള സിനിമക്കു വളർത്താൻ പറ്റിയ മൃഗം തന്നെയാണ് ഈ സിനിമ എന്നതായി സംശയമില്ല. .
അഭിപ്രായങ്ങള്‍