അകവൂർ നാരായണൻ: ഒരു അനുസ്മരണം

ലയാള ഭാഷാ പണ്ഡിതനും കുടുംബ സുഹൃത്തും ആയിരുന്ന ഡോക്ടർ അകവൂർ നാരായണനെ പറ്റി ഓർക്കുമ്പോൾ അദ്ദേഹത്തിന്റ്റെ  സദാ പുഞ്ചിരി തൂകുന്ന മുഖമാണ് മനസ്സിൽ തെളിയുന്നത്.

കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛനു ഡൽഹിക്കു മാറ്റമായി ഞങൾ തലസ്ഥാന നഗരിയിലേക്ക് 1968-ൽ കുടിയേറിയപ്പോൾ ആദ്യം പരിചയപ്പെട്ട മഹദ് വ്യക്തികളിൽ മുൻ നിരയിൽത്തന്നെയാണ് ഇദ്ദേഹത്തിന് സ്ഥാനം.

എന്തുകൊണ്ടെന്നാൽ വലുപ്പ ചെറുപ്പം നോക്കാതെ ആരുമായിട്ടും സ്നേഹപൂർവം ഇടപഴകാൻ സന്നദ്ധമായ പ്രകൃതം. പിന്നെ സംസ്‌കൃത-മലയാള സാഹിത്യം മുതൽ ടൈം മാഗസിൻ, എന്തിനേറെ പറയുന്നു ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ലേഔട്ട് വരെ എല്ലാത്തിനെ പറ്റിയും സുചിന്തിതമായ അഭിപ്രായങ്ങൾ.

1968 കാലഘട്ടത്തിൽ ഇദ്ദേഹം ഡൽഹി സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ ജോലി ചെയ്തിരുന്നപ്പോൾ അടുത്തുള്ള ശക്തി നഗർ കോളനിയിൽ നാന്ഗിയ പാർക്കിലായിരുന്നു താമസം. തൊട്ടയല്പക്കത്തു വകുപ്പ് മേധാവി ഒളപ്പമണ്ണ മനയിലെ ശ്രീ ഒ എം അനുജനും. അതുകണ്ടിട്ട്  സാക്ഷാൽ വി കെ എൻ ഒരിക്കൽ എഴുതി "ഇവിടെ സൂക്ഷിക്കണം. ബ്രഹ്‌മ തേജസ്സ്  വിളങ്ങി നിൽക്കുന്ന സ്ഥലമാണ്."

ഈ തേജസ്സിനാലാവാം ഇദ്ദേഹത്തിന്റ്റെ  വീട്ടിൽ ചെന്നാൽ ശ്രുതിമധുരമായ നമ്പുരി ഭാഷ കേൾക്കാൻ കഴിഞ്ഞത്. ഡൽഹിയിൽ ജനിച്ചുവളർന്ന മൂന്ന് കുട്ടികളും ശുദ്ധ മലയാളം തന്നെയാണ് വീട്ടിൽ പറയുക. അതിൽ  ഇദ്ദേഹത്തിനു  പ്രത്യേക താല്പര്യം ഉണ്ടായിരുന്നു എന്ന് മൂത്ത മകൻ അകവൂർ രാജൻ പറഞ്ഞു. 

ശക്തി നഗറിലും പിൽക്കാലങ്ങളിൽ രൂപ് നഗറിലെ വാടക വീടുകളിലും പിന്നിട്  ഇദ്ദേഹം അശോക് നഗറിൽ സ്വന്തമായി വാങ്ങിയ ഐ ബി 12 ബി എന്ന ഫ്ലാറ്റിലും ഞങ്ങൾ പോകാറുണ്ടായിരുന്നു. ചെന്ന് കഴിഞ്ഞാൽ നല്ല മേളമാണ്. കുശല പ്രശ്നങ്ങൾക്കിടയിലും വർത്തമാന ഘോഷത്തിലും  റ്റിപോയിലും ബുക്‌ഷെൽഫുകളിലും  ചിതറിക്കിടക്കുന്ന അനേകം  പത്രമാസികകളും പുസ്തകങ്ങളും കാട്ടിത്തരും. ഇതിൽ പലതും സാധാരണ  കിട്ടാൻ  ദുർലഭവും. 

ഒരിക്കൽ ആധുനിക മലയാള നർമ സാഹിത്യത്തിലെ ആദ്യ കാല പ്രതിഭ സഞ്ജയൻ പ്രസിദ്ധികരിച്ചിരുന്ന വിശ്വരൂപം എന്ന മാസികയുടെ കുറെ ലക്കങ്ങൾ ഭംഗിയായി ബൈണ്ട് ചെയ്തതും കണ്ടു. മാതൃഭൂമി ആഴ്ചപതിപ്പുകളുടെ ഇതുപോലൊരു നല്ല ശേഖരവും ഉണ്ടായിരുന്നു.

ഇവയെ പറ്റി 'ചായ് പെ ചർച്ച'. മണിക്കൂറകളോളം നീണ്ടുപോകും. ഇതിനിടെ നല്ലൊരു ഇല്ലത്തെ ഊണും വൈകുന്നേരത്തെ ചായയും തന്നെ പോകാൻ അനുവദിക്കൂ. 

ഒരിക്കൽ മകളോടൊപ്പം താമസിക്കാൻ അമേരിക്കക്കു പോയി വന്നു. ആ യാത്രയിൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഒരു യൂണിവേഴ്സിറ്റി ലൈബ്രറിയിലെ മികച്ച മലയാള സാഹിത്യ ശേഖരമായിരുന്നു. അതും കമ്പ്യൂട്ടറൈസ്ഡ് കാറ്റലോഗ് വഴി പുസ്തകം ഏതു ഷെൽഫിലാണെന്നു നിമിഷങ്ങൾക്കകം കണ്ടുപിടിക്കുന്ന വിദ്യയെ പറ്റി തെല്ലൊരു അദ്‌ഭുതത്തോട് കൂടി വിവരിച്ചു.

അറുപതുകളിലും എഴുപതുകളിലും മിക്കവാറും മലയാളികൾ ജോലിയിൽ നിന്ന് വിരമിച്ച ശേഷം ദൽഹി വാസം മതിയാക്കി തിരികെ നാട്ടിലേക്ക് ചേക്കേറിയിരുന്നു. എന്തുകൊണ്ടാണ് അകവൂർ അത് വേണ്ട എന്ന് വച്ചതു? ഇക്കഴിഞ്ഞ അനുസ്മരണ ഭാഷണത്തിൽ എന്റെ സുഹൃത്ത് ശ്രീവത്സൻ  തീയാടി പറഞ്ഞതുപോലെ ഒരു തീവ്രമായ ഗൃഹാതുരുത്വം, അതായതു അദ്ദേഹം ജനിച്ചു വളർന്ന കാലടി പ്രദേശം ആധുനികയതുടെ കുത്തൊഴുക്കിൽ തികച്ചും മാറിയത് കൊണ്ടുള്ള കുണ്ഠിതം ആവാം.

പക്ഷെ ജീവിത സായാഹ്നത്തിൽ ചേക്കേറാനായി മയൂർ വിഹാറിലെ മേധ അപാർട്മെന്റ് തിരഞ്ഞെടുത്തത് ഞങ്ങൾക്കൊക്കെ ഒരു അനുഗ്രഹമായി. എന്തെന്നാൽ അയല്പക്കമാണെന്നതിനു പുറമെ ഉത്തര ഗുരുവായൂരപ്പൻ അമ്പലത്തിൽ പോകുമ്പോളും വരുമ്പോളുമൊക്കെ അവിടെ കയറാമല്ലൊ.

പതിവുപോലെ ഈ ഫ്ലാറ്റിലും ഏതു സമയവും സന്ദർശകരുടെ തിരക്കായിരുന്നു. സാഹിത്യകാരന്മാരും, നൃത്ത സംഗീത കലാകാരന്മാരും ഗവേഷണ വിദ്യാർത്ഥികളും ചർച്ചക്കാരുമെത്തും സമയത്തും ഉണ്ടാവും. എനിക്കാണെങ്കിലും ഞാൻ ജോലി ചെയ്യുന്ന വാർത്ത ഏജൻസിയിൽ കലാ പുരാണ വസ്തുതകളിൽ എന്തെങ്കിലും സംശയമുണ്ടായാൽ ഇദ്ദേഹത്തിനെ ഫോൺ ചെയ്താൽ കൃത്യമായ ഉത്തരം ലഭിക്കും.

ഇദ്ദേഹത്തിനാണെങ്കിലും വടക്കൻ ദില്ലിയിൽ നിന്ന് മലയാളി തട്ടകമായ മയൂര വിഹാരത്തിലേക്കുള്ള പറിച്ചുനടിൽ സന്തോഷകരമായിരുന്നു. അമ്പലത്തിലെ വിവിധ സപ്‌താഹ-പ്രഭാഷണ-പൂജ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം ഇന്ത്യ ഹാബിറ്റാറ്റ്  സെൻറ്റർ, ഇന്ത്യ ഇന്റർനാഷണൽ സെന്റർ, എന്നിവിടങ്ങളിലും കൊണാട് പ്ളേസിലെ കേരളം ക്ലബ് മുതലായവയിലും വിവിധ നൃത്ത-വാദ്യ-കലാ  പരിപാടികളിൽ പങ്കെടുക്കാവാനും കൂടുതൽ സൗകര്യവുമായി. അങ്ങനെ അവസാനകാലത്തും തികച്ചും കര്മയോഗിയായി ജീവിതം നയിച്ച അദ്ദഹത്തിന് എന്റെ വിനീതമായ കൂപ്പുകൈ.           

                      

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌