ആന്ദോളനങ്ങൾ, വ്യത്യസ്തമായ ഒരു വായനാനുഭവം
സി ബി കുമാറിനെ പറ്റി ഇക്കാലത്തു അധികം ആൾക്കാർ കേട്ടിരിക്കാൻ ഇടയില്ല. ഇദ്ദേഹം 1930-കളിലാണ് ചില പത്രങ്ങളിലും മറ്റും എഴുതിയിരുന്നത്. ഈ സാഹിത്യ സൃഷ്ടികളെ പറ്റി അദ്ദേഹം പറയുന്നത് "ഏതു വിഡ്‌ഢിക്കും എഴുതാവുന്ന ചില കഥകളും, ലേഖനങ്ങളുമേ എൻ്റെ സാഹിത്യശ്രമങ്ങളുടെ ഫലമായി അവശേഷിച്ചിട്ടുള്ളു".
അത് എന്തുമാകട്ടെ. ഈ കൃതി 1946-56 കാലഘട്ടത്തിൽ ലേഖകൻ്റെ യൂറോപ്പിൽ ജനീവയിലെ മറ്റും ഉദ്യോഗസ്ഥനായി താമസിച്ച കാലത്തെ ഓർമ്മകുറിപ്പുകളാണ്. ((https://bit.ly/3jALFr6))
തിരുവിതാംകൂറിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഒരു അമ്പലവാസി യുവാവ് സ്വന്തം പരിശ്രമത്താൽ ലണ്ടനിലും മറ്റും ഉപരിപഠനത്തിനു പോയി അതിനു ശേഷം ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനിൽ വലിയ ഉദ്യോഗം വഹിച്ചതിനെപ്പറ്റി ഒക്കെ തികച്ചും ഒരു സാധാരണ മനുഷ്യനെ പോലെ എഴുതിയിരിക്കുന്നു.
എവിടെയാണ് ജോലി ചെയ്തതെന്നോ ഏതു തസ്തികയിലായിരുന്നോ എന്നതിനെപ്പറ്റി ഒരിടത്തും പറയുന്നില്ല. ജനീവ നിരവധി യു എൻ സ്ഥാപനങ്ങളുടെ ആസ്ഥാനമായതു കൊണ്ട് ഇതിൽ ഏതിലെങ്കിലുമായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത് എന്ന് വിചാരിക്കാനെ നിവൃത്തിയുള്ളു.
സാധാരണ യാത്രാവിവരണങ്ങളിൽ കാണുന്നത് പോലെ പാശ്ചാത്യ നാടുകളും അവിടുത്തുകാരെയും അദ്‌ഭുതത്തോടെ നോക്കിക്കാണുന്ന പതിവ് ഈ കൃതിയിലില്ല. വളരെക്കാലം അവിടെയൊക്കെ പെരുമാറിയത് കാരണം എല്ലാവരോടും ഒപ്പമാണ് പെരുമാറുന്നത്. അവർ ഇങ്ങോട്ടും. ഇന്ത്യ ഒരു കോളനി ആയതു കാരണം ആരും ലേഖകനെ രണ്ടാം തരക്കാരനാക്കുന്നില്ല.
1947 ജനുവരിയിൽ അമേരിക്കക്കു കപ്പലിൽ പോകുമ്പോൾ ക്യാബിനിൽ സഹയാത്രികരായ വൈമാനികവിദദ്ധൻ മി. ട്വിഡിലും കൊളമ്പിയ സർവകലാശാലയിൽ ധനശാസ്ത്ര പ്രൊഫെസ്സർ പോളാനി എന്നിവരും മറ്റുമായി ഇദ്ദേഹം "വീണ്ടും വീണ്ടും സ്നേഹസമന്വിതമായ കോലാഹലത്തിൽ" ഏർപ്പെടുന്നു.
ഇതിൽ വിവരിച്ചിട്ടുള്ള ആദ്യ യാത്രയിൽ ബ്രിട്ടൻ യുദ്ധം കഴിഞ്ഞു അത്യധികം ദുരവസ്ഥയിലാണ് കാണപ്പെടുന്നത്. എല്ലാത്തിനും ക്ഷാമം ആണ്. അങ്ങിനെ നോക്കുമ്പോൾ കാനഡയും അമേരിക്കയും ഭേദമാണ്.
അക്കാലത്തെ ഭാഷ ചില സന്ദർഭങ്ങളിൽ അരോചകമായി തോന്നാം. പരിചാരകരെ ഭ്രിത്യർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതുപോലെ കറുത്ത വർഗക്കാർ നീഗ്രോ എന്നും.
ലേഖകൻ കുടുംബസമേതം, ഭാര്യ ശാരദ, കുട്ടികൾ വിജയവും കുഞ്ഞനിയനും ജനീവയിലേക്കു ബ്രിട്ടൻ വഴി കപ്പൽ യാത്ര നടത്തിയതിനെപറ്റിയുള്ള വിവരണവും വായിക്കാൻ രസമുണ്ട്. അവിടുത്തെ താമസവും സ്‌കൂളിൽ പോക്കും കഴിഞ്ഞപ്പോൾ രണ്ടു പേരും തമ്മിൽ ഫ്രഞ്ചിൽ ആയി സംസാരം. പാരീസ് സന്ദർശന വേളയിൽ ഭാര്യയും ഫ്രഞ്ച് സംസാരിക്കാവുന്നതു കാരണം ഒറ്റക്ക് നഗരം കാണാൻ പോയി.
ഇറ്റലിയിൽ വച്ച് കാലിനു അടിയന്തര ശസ്ത്രക്രിയ ചെയ്യാനായി ആശുപത്രിവാസം അനുഭവിക്കേണ്ടിവന്നതിനെ പറ്റിയും ലേഖകൻ വിവരിച്ചിട്ടുണ്ട്.
ഈ പുസ്തകം നാഷണൽ ബുക്ക് സ്റ്റാൾ 1958-ൽ പ്രസിദ്ധികരിച്ചതാണ്.
അഭിപ്രായങ്ങള്‍