എൻവിയുടെ കവിത: ഒരു ആസ്വാദനകുറിപ്പ്

"ബ്രെയ്ക്ക് കൂക്കി വിളിക്കവേ, ഞെട്ടി-

ബ്ബസ്സു ചാടിക്കുലുങ്ങി നില്പായി..."

ഇങ്ങനെ തുടങ്ങുന്നു ശ്രീ എൻവി കൃഷ്ണവാര്യരുടെ "ഒരു ബസ്സുയാത്ര" എന്ന കവിത. ശരിക്കും തോന്നുന്നില്ലെ ഒരു ബസ്സ് സ്റ്റോപ്പിൽ നിർത്തുന്നതിലുള്ള ശബ്ദകോലാഹലം. ഇനി നമുക്ക് കവിതയിലേക്ക് കടക്കാം.  

അതുവരെ  സ്വന്തം വിധിയെ പഴിച്ചുകൊണ്ടു തലകുനിച്ചിരുന്ന കവി "അമ്പരന്നു തലയുയർത്തുമ്പോൾ മുമ്പിലെന്തൊരു ദിവ്യമാം ദൃശ്യം".

എന്താണാ ദൃശ്യം? പുഞ്ചപ്പാടത്തിന് ഇടയിലൂടെ പോകുന്ന കറുത്ത മിനുത്ത  റോഡിൽ ഒരു തോടിനു മീതെയുള്ള കലുങ്കിൽ പാതികേറിയാണ് ബസ്സ് നിൽക്കുന്നത്. കലുങ്കിൻ്റെ ആൾമറ ചാരി ഒരു യുവതി പുഞ്ചിരി തൂകികൊണ്ട്  ബസ്സിനു മുകളിൽ നിന്ന് കണ്ടക്ടർ  അവളുടെ മെത്തയും ട്രങ്കും കൊട്ടയും ഇറക്കുന്നത് നോക്കി നില്കുന്നു.

അത്രയും നേരം "ചക്രവർത്തിയായ് സ്വേച്ഛപോൽത്തൻ ഷട്ചക്രസാമ്രാജ്യം വാണ കണ്ടക്ടർ നീയാം സീതതൻ മുമ്പിൽ ഹനുമാനായി, സ്സേവനലോലനായ് നിൽപ്പൂ". അത് എന്തുകൊണ്ടാണ്?

ചുമ്മാതല്ല. "കാട്ടുപോത്തിനെപ്പുള്ളിമാനാക്കും പ്രേഷ്ഠസൗന്ദര്യമാസ്മരം വെൽവൂ" എന്നാണ് കവി പാടുന്നത്. ഇത്രയും നേരം ഒപ്പം യാത്ര ചെയ്ത ഈ  സഹയാത്രികയെ കാണാതെപോയതിൽ കവി പരിതപിക്കുന്നുണ്ട്. അപ്പോഴേക്കും വയൽ വക്കിലെ വാഴത്തോട്ടത്തിൽ നിന്ന് കുറെ കുട്ടികൾ ടീച്ചറെ കണ്ട ഉത്സാഹത്തിൽ ഓടി വന്നു മെത്തയും, കുട്ടയും മറ്റും ചുമക്കുന്നതിനു മത്സരിക്കുന്നു. ഇന്നലെയെന്താ വരാത്തതെന്ന് അന്വേഷിക്കുന്നു.

അപ്പോഴേക്കും ബസ് പുറപ്പെടാറായി. " പോകുവാൻ മനം തീരെയില്ലാതെ, വ്യാകുലമായ് ഞരങ്ങി, ക്കിണുങ്ങി, ച്ചീറി, യൊട്ടു കര,ഞ്ഞുരു,ണ്ടോടി-ഗ്ഗിറു മാറിയകന്നിടും ബസ്സിൽ" കവി വീണ്ടും സ്വന്തം കൈപ്പത്തിമേൽ  നോക്കിയിരുന്ന് ആലോചിക്കുകയാണ് 

"എത്തിയിട്ടുണ്ടാം ശിഷ്യരും നീയും മെത്തയും ട്രങ്കും കുട്ടയും സ്കുളിൽ.

"കൊച്ചുകുഞ്ഞുങ്ങൾ മുറ്റിയ ക്‌ളാസ്സിൽ

മച്ചിനുള്ളിലന്തിത്തിരിപോലെ,

നീ, അറിവിൻ  വെളിച്ചം പരത്തും

വേല വീണ്ടും തുടങ്ങിയിട്ടുണ്ടാം."

'മച്ചിനുള്ളിലെ അന്തിത്തിരി' എത്ര നല്ല ഉപമ.  വിളക്ക്‌ അജ്ഞാനാന്ധകാരത്തെ അകറ്റുവാനുള്ളതാണല്ലൊ.  ഏതോ കുഗ്രാമത്തിൽ ഓലയോ ഓടോ മേഞ്ഞ പനമ്പ് കെട്ടി മറച്ച ക്‌ളാസ് മുറിയിൽ "പിഞ്ചു പൈതങ്ങളാർത്തും തിമർത്തും...പുസ്തകങ്ങളിൽ മൊട്ടിട്ടു പൊന്തും വിസ്മയങ്ങളിൽ കൺകൾ വിടർന്നും..."

കുട്ടിക്കാലത്തു നമ്മളൊക്കെ ഓരോ ക്ലാസ്സിലും പുതിയ പുസ്തകങ്ങൾ കിട്ടുമ്പോൾ അതിലെ ചിത്രങ്ങളും വിവരണങ്ങളും എത്ര സന്തോഷത്തോടും ആകാംക്ഷയോടും കൂടിയാണ് വായിച്ചിരുന്നത്.  

എന്താണിവിടെ സംഭവിക്കുന്നത്? കവി പാടുന്നു.

"എൻ്റെയേഴയാം നാടിൻ്റെയാശാ-

കന്ദളമാസ്സരസ്വതീക്ഷേത്രം,

രാഷ്ട്രനിർമ്മാണസംഗ്രാമധർമ്മ-

ക്ഷേത്രം, നിൻ കുരുക്ഷേത്രം ഞാൻ കാൺമൂ"

കൃഷ്ണവാര്യർ ഈ കവിത എഴുതിയത് 1947-ൽ ഇന്ത്യ സ്വതന്ത്രയായതിനു  തൊട്ടുപിന്നാലെയാണ്. നാടൊട്ടുക്കും പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്ന തത്രപ്പാടിലായിരുന്നുവല്ലൊ. മാത്രമല്ല, കാലചക്രത്തിരിച്ചിൽ കാണാത്ത കാരവണന്മാർ ഭരിക്കകാരണം ഉള്ളതെല്ലാം ഇല്ലാതെയായ വീടിൻ്റെ ഏക അവലംബനം ആണ് അവൾ.

"ക്ഷുത്തിന്നു കഞ്ഞി, ബാലകാചിത്ത-

ക്ഷുത്തിന്നു വിദ്യ ....

പെൺകിടാവു നീ; പക്ഷെ, കുടുംബ-

സംഗരത്തിലെ  ധീരസേനാനി!"

മാത്രമല്ല, മാമൂലുകൾ തീർത്ത കോട്ട-കിടങ്ങുകൾ താണ്ടിയ ഭാവിനാരിതൻ വാഗ്ദാനവുമാണവൾ.

കവിയുടെ സ്വന്തം വ്യക്തിദുഃഖങ്ങൾക്കൊക്കെയും മേലെയാണവൾ. 

"പുഞ്ചഞാറിലെപ്പൊൻവെയിൽ പോലെ... നിൻ്റെയാനന്ദം പുഞ്ചിരിക്കുന്നു,

നിൻ്റെ ചൈതന്യം സ്പന്ദിച്ചീടുന്നു."

പിൻകുറിപ്പ്:  പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന് സ്‌കൂൾ മാഷായിരിക്കുവാൻ പ്രത്യേക താൽപര്യയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഈ കവിത വായിച്ചതോടെ അദ്ദേഹം തൻ്റെ നിലപാട് മാറ്റിയത്രെ.   

  

     

                                 

          

Comments